പ്രിയ രക്ഷിതാക്കളെ, കുട്ടികളെ..
കോവിഡ് നമ്മെ വരിഞ്ഞു മുറുക്കിയിട്ട് ഒരു വർഷത്തിൽ അധികമായല്ലോ.. നമ്മുടെ രക്ഷിതാക്കളിൽ അനേകർക്ക് തൊഴിൽ നഷ്ടപ്പെടുകയോ തൊഴിൽ ദിനങ്ങളിൽ കുറവ് വരികയോ ചെയ്തിട്ടുണ്ട്. അത് പോലെ ബിസിനസ് രംഗത്തുള്ളവർക്കും തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. ലോക് ഡൗണിന് ശേഷം ഏതാനും മാസങ്ങൾ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് നാം നടന്നടുത്തുവെങ്കിലും കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്. നിഷ്‌ക്രിയരായി നോക്കി നിൽക്കാൻ ഞങ്ങൾക്ക് ആവുന്നില്ല.
എരുമേലി സെന്റ് തോമസ് ഒരു കുടുംബം പോലെയാണ്. ഇവിടുത്തെ അധ്യാപകരും കുട്ടികളൂം മാത്രമല്ല രക്ഷിതാക്കളും ആ കുടുംബത്തിന്റെ ഭാഗം തന്നെ. അത് കൊണ്ട് സ്‌കൂളിന് ആവുന്ന വിധത്തിൽ ഒരു ചെറിയ സഹായം ചെയ്യുവാൻ ഞങ്ങൾ ശ്രമിക്കുകയാണ്.
www.labourbankerumely. blogspot.com എന്ന പേരിൽ ഒരു ബ്ലോഗ് തുടങ്ങുക വഴി 2018 ൽ തന്നെ രക്ഷിതാക്കൾക്ക് തൊഴിൽ ഉറപ്പാക്കാനുള്ള ശ്രമം സെന്റ് തോമസ് തുടങ്ങിയിരുന്നുവെങ്കിലും ഫോണും ഇന്റർനെറ്റും ഇന്നത്തെ അത്രയും വ്യാപകമല്ലായിരുന്ന ആ സമയത്ത് പ്രതീക്ഷിച്ച പ്രയോജനം ഉണ്ടായില്ല. എങ്കിലും കാലത്തിന് അതീതമായി സംസ്ഥാനത്ത് രക്ഷിതാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ ശ്രമം നടത്തിയ ആദ്യ സ്‌കൂൾ എന്ന നേട്ടത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു.
അതേ ബ്ലോഗ് ഞങ്ങൾ ഒരിക്കൽ കൂടി ആക്റ്റീവ് ആക്കുകയാണ്. കുറെ രക്ഷിതാക്കൾക്കെങ്കിലും ഒരു കൈത്താങ്ങ് ആകുവാൻ..
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം : ഏതെങ്കിലും തരത്തിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന ആളാണ് താങ്കൾ എങ്കിൽ ഇതിനോടൊപ്പമുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കുക. അങ്ങനെ ബിസിനസ്, വിവിധ സേവനങ്ങൾ, മേസ്തിരി, ആശാരി, ടാപ്പിംഗ്, പെയിന്റിംഗ്, ഡ്രൈവർ, തയ്യൽ, മെക്കാനിക്, പ്ലംബിങ്, വയറിങ്, മോട്ടോർ വൈൻഡിങ്, വിവിധ റിപ്പയറിങ്, റൂഫിങ്, കൂലി, കോൺട്രാക്ട് വർക്കുകൾ, കിണർ കുഴിക്കൽ, കയ്യാലപ്പണി, കുഴൽ കിണർ നിർമ്മാണം, തെങ്ങു കയറ്റം, വിവിധ കൃഷിപ്പണികൾ, ഫോട്ടോഗ്രാഫർ തുടങ്ങി നിങ്ങളുടെ തൊഴിൽ മേഖല ഏതായാലും അത് രേഖപ്പെടുത്തുക. പ്രതീക്ഷിക്കുന്ന കൂലിയും ബന്ധപ്പെടാനുള്ള നമ്പറും നൽകുക. ഒരേ തൊഴിൽ ചെയ്യുന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് ഞങ്ങൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്. ബ്ലോഗിന്റെ ലിങ്കിന് പരമാവധി പരസ്യം നമ്മുടെ സ്‌കൂൾ ഗ്രൂപ്പുകൾ വഴി നൽകാനും ശ്രമിക്കും.
നമ്മുടെ രക്ഷിതാക്കളിൽ തന്നെ ആർക്കെങ്കിലും മേൽപ്പറഞ്ഞ തൊഴിൽ അല്ലെങ്കിൽ ബിസിനസ് ചെയ്യുന്നവരെ ആവശ്യം വരുമ്പോൾ ബ്ലോഗ് നോക്കി ആളെ കണ്ടെത്താനാവും എന്നതാണ് ഗുണം. അത് പോലെ നമ്മുടെ പരിചയക്കാർക്ക് ഈ വെബ്സൈറ്റ് അഡ്രസ് ഷെയർ ചെയ്യുക വഴി അനേകം കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചേക്കും..
ഈ എളിയ ശ്രമത്തിന് എല്ലാ വിധ പിന്തുണയും പ്രതീക്ഷിക്കുന്നു.
NB : രക്ഷിതാക്കൾക്ക് തൊഴിൽ ഉറപ്പാക്കുവാൻ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നു എന്ന ഒറ്റ കാര്യമേ സ്‌കൂൾ ചെയ്യുന്നുള്ളൂ. ആവശ്യക്കാർക്ക് ആവശ്യക്കാരെ കണ്ടെത്തുവാൻ ഒരു ഓൺലൈൻ ഇടം എന്നല്ലാതെ തൊഴിൽ സംബന്ധമായതോ കൂലി സംബന്ധമായതോ ഇതരമായതോ ആയ ഒരു കാര്യത്തിനും സ്‌കൂൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ